തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം മന്ത്രി വി.എൻ. വാസവൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു നിയമസഭയിൽ ഇന്നലെയും പ്രതിപക്ഷ ബഹളം. രാവിലെ ചോദ്യോത്തരവേള തുടങ്ങിയപ്പോൾത്തന്നെ പ്രതിപക്ഷം ബാനറും പ്ലക്കാർഡുകളുമായി മുദ്രാവാക്യം വിളിച്ചു സ്പീക്കർ എ.എൻ.ഷംസീറിന്റെ അടുത്തേക്കു നീങ്ങി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അസാന്നിധ്യത്തിൽ കെ. ബാബുവാണു ഇന്നലെയും പ്രതിപക്ഷനിരയിൽനിന്ന് ആദ്യം സംസാരിച്ചത്.
ശബരിമല സ്വർണക്കൊള്ള കേസിൽ മന്ത്രി വാസവൻ രാജിവയ്ക്കണമെന്ന ആവശ്യത്തിൽനിന്ന് തങ്ങൾ പിന്നോട്ടില്ലെന്നും സഭയിൽ നിസഹകരണം തുടരുകയാണെന്നും കെ. ബാബു പറഞ്ഞു. കഴിഞ്ഞ ദിവസം കോടതി പറഞ്ഞ കാര്യങ്ങൾ മാത്രമാണു തന്ത്രിയുടെ അറസ്റ്റുമായി ബന്ധപ്പെട്ടു പ്രതിപക്ഷം സഭയിൽ പറഞ്ഞത്. കേസിലെ പ്രതികളായ സിപിഎം നേതാക്കളടക്കം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തശേഷം ജയിലിൽനിന്ന് ഇറങ്ങുന്നതുപോലെയാണു പുറത്തിറങ്ങുന്നതെന്നും ബാബു പറഞ്ഞു.
പതിവുപോലെ മന്ത്രിമാരായ പി. രാജീവും എം.ബി. രാജേഷും പ്രതിപക്ഷത്തിനെതിരേ ഇന്നലെയും രംഗത്തെത്തി. കഴിഞ്ഞ അഞ്ചുവർഷം ഒരു അവിശ്വാസംപോലും സർക്കാരിനെതിരേ പ്രതിപക്ഷത്തിനു കൊണ്ടുവരാൻ സാധിച്ചില്ല. ഏതെങ്കിലും ഒരു മന്ത്രിക്കെതിരേ ഒരു അഴിമതി ആരോപണംപോലും ഉന്നയിക്കാൻ കഴിഞ്ഞില്ല. ഇത്രയും കഴിവുകെട്ട ഒരു പ്രതിപക്ഷം സംസ്ഥാനത്ത് ഇതുവരെയും ഉണ്ടായിട്ടില്ലെന്നും നശീകരണാത്മകമായ പ്രതിപക്ഷമായിരുന്നുവെന്നും മന്ത്രി രാജീവ് പറഞ്ഞു. പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി ബഹളം തുടർന്നതോടെ സ്പീക്കർ ചോദ്യോത്തരവേള റദ്ദാക്കി.
മാവേലിക്കര എംഎൽഎയായിരുന്ന അന്തരിച്ച എം.മുരളിക്കു നിയമസഭ ചരമോപചാരം അർപ്പിച്ചു.